നാസയുടെ 'കാസിനി പേടകം'
നല്‍കിയ വിവരങ്ങളുപയോഗിച്ച് നടത്തിയ പഠനത്തിലാണ്, എന്‍സെലാഡസിലെ
സമുദ്രസാന്നിധ്യം തിരിച്ചറിഞ്ഞത്. 1997 ല്‍ വിക്ഷേപിച്ച കാസിനി പേടകം 2004
ലാണ് ശനിക്ക് സമീപമെത്തി നിരീക്ഷണമാരംഭിച്ചത്. ശനിയെയും ഉപഗ്രഹങ്ങളെയും ഒരു
പതിറ്റാണ്ട് കാലം ആ പേടകം നിരീക്ഷിച്ചു.
എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ നേരിയ ചാഞ്ചാട്ടം അപഗ്രഥിച്ചാണ്, ആ
ഉപഗ്രഹത്തിന്റെ ബാഹ്യ ഹിമപാളിക്കടിയില്‍ ഉറഞ്ഞഭാഗമല്ല ഉള്ളതെന്ന
നിഗമനത്തില്‍ ഗവേഷകരെത്തിയത്.
സൗരയൂഥത്തില്‍ ദ്രവധാരകള്‍ പുറത്തേക്ക് ചീറ്റിത്തെറിക്കുന്ന അപൂര്‍വ്വം
ഇടങ്ങളിലൊന്നാണ് എന്‍സെലാഡസ്. കാസിനി അവിടെയത്തി അധികം വൈകാതെ
എന്‍സെലാഡസിലെ ജലസാന്നിധ്യം നാസ ഗവേഷകര്‍ തിരിച്ചറിഞ്ഞു.
എന്‍സെലാഡസ് ഉപഗ്രഹത്തിന്റെ ദൃശ്യം. ചിത്രം: NASA/JPL-Caltech
എന്നാല്‍ അവിടുത്തെ കടലിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ വര്‍ഷങ്ങള്‍
നീണ്ട ശ്രമകരമായ ഗവേഷണം വേണ്ടിവന്നതായി, കാസിനി ഗവേഷകസംഘത്തിലെ അംഗവും
കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകനുമായ പീറ്റര്‍ തോമസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ശനിയുടെ ഗുരുത്വബലവും, എന്‍സെലാഡസിന്റെ ഭ്രമണപഥത്തിലെ ചലനവും പരസ്പരം
ബന്ധിപ്പിച്ച് ആ ഉപഗ്രഹത്തിന്റെ ആന്തരഘടനയുടെ മാതൃക സൃഷ്ടിക്കുകയാണ്
ഗവേഷകര്‍ ചെയ്തത്. ആ പഠത്തിലാണ് ഉപഗ്രഹത്തിന്റെ ബാഹ്യപാളിക്കടിയില്‍
കടലുള്ളതായി അവര്‍ നിഗമനത്തിലെത്തിയത്.
No comments:
Post a Comment